ഭൂമിയും ചന്ദ്രനും പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം. ശൂന്യാകാശം എന്നാണ് പേരെങ്കിലും ഇതു പൂർണ്ണമായും ശൂന്യമല്ല, വളരെ കുറഞ്ഞ സാന്ദ്രതയിലുള്ള ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും പ്ലാസ്മയും, വൈദ്യുത-കാന്തിക മണ്ഡലങ്ങളും ന്യൂട്രിനോകളും ഈ പ്രദേശത്തുണ്ട്. 2.7 കെൽവിൻ (K). ആണ് ബഹിരാകാശത്തിലെ സാധാരണ താപനില. ഒരു കുബിക് മീറ്ററിൽ ഒരു ഹൈഡ്രജൻ ആറ്റം എന്ന തോതിലുള്ള പ്ലാസ്മയാണ് ഭൂരിഭാഗവും. സാന്ദ്രതകൂടിയ പ്രദേശങ്ങൾ നക്ഷത്രങ്ങളും താരാപഥങ്ങളുമായി രൂപപ്പെട്ടിട്ടുണ്ട്.
എവിടെ നിന്നാണ് ബഹിരാകാശം തുടങ്ങുന്നത് എന്നതിനു പ്രത്യേകിച്ചു ഉത്തരം ശാസ്ത്രസമൂഹം നൽകിയിട്ടില്ല. പക്ഷേ സമുദ്രനിരപ്പിൽനിന്നും 100കി.മീ മുകളിൽ കർമാൻ ലൈനിൽ ബഹിരാകാശം തുടങ്ങുന്നതായാണ് സാധാരണ എല്ലാ ബഹിരാകാശകരാറുകളിലും പരാമർശിക്കാറുള്ളത്. 1967-ൽ അന്താരാഷ്ട്ര ബഹിരാകാശ നിയമത്തിനുവെണ്ടി ഐക്യരാഷ്ട്രസഭ ബഹിരാകാശക്കരാർ പാസാക്കി. ഈ കരാർ എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശപര്യവേഷണങ്ങൾക്കു പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. ബഹിരാകാശം സമാധാനപരമായി ഉപയോഗിക്കാൻ യു.എൻ. വ്യവസ്ഥകളുണ്ടെങ്കിലും ഉപഗ്രഹവേധ ആയുധങ്ങൾ നിർമ്മിക്കുകയും ഭൂമിയുടെ ഭ്രമണപഥത്തിൽ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിൽ വളരെ ഉയരത്തിൽ പോകാവുന്ന ബലൂണുകളുടെ സഹായത്തോടെ ബാഹ്യാകാശ പര്യവേഷണങ്ങൾ തുടങ്ങിയിരുന്നു. അതിനു ശേഷം മനുഷ്യനുള്ളതും ഇല്ലാത്തതുമായ റോക്കറ്റുകൾ ഉപയോഗിച്ചു ധാരാളം പരീക്ഷണങ്ങൾ നടത്തി. ലയ്ക ആണ് ആദ്യമായി ഭൂമിയിൽ നിന്നും ബഹിരാകാശത്ത് എത്തിയ ജീവി. പിന്നീട് 1961-ൽ റഷ്യയുടെ യൂറി ഗഗാറിൻ ബഹിരാകാശയാത്രനടത്തുന്ന ആദ്യത്തെ വ്യക്തിയായി. പിന്നീടിങ്ങോട്ട് ധാരാളം ബഹിരാകാശ പര്യവേഷണങ്ങൾ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളിലേക്കും നടത്തിയിട്ടുണ്ട്. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയൻ രാകേഷ് ശർമയാണ്
ബഹിരാകാശം എല്ലാംകൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞതാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കെത്തുന്നതിനു മണിക്കൂറിൽ കുറഞ്ഞത് 28100 കി.മീ. വേഗത ആവശ്യമാണ്. ഇത് സാധാരണ വിമാനങ്ങളുടെതിനെക്കാൾ വളരെ കൂടുതലാണ്. ബഹിരാകാശത്ത് ശൂന്യതയും വികിരണങ്ങളും മറ്റ് ഭീഷണികളുയർത്തുന്നു. ശൂന്യാകാശത്തെ ഗുരുത്വമില്ലായ്മ ശാരീരികമായ ധാരാളം ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം മനുഷ്യന്റെ ബഹിരാകാശ യാത്ര ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കുമായി പരിമിതപ്പെടുത്തി. മറ്റിടങ്ങളിലേക്ക് മനുഷ്യൻ ഇല്ലാത്ത ഉപഗ്രഹങ്ങൾ മാത്രമാണ് പര്യവേഷണങ്ങൾക്കുവേണ്ടി അയക്കാറുള്ളത്.
* രൂപീകരണവും വർത്തമാനകാലത്തെ അവസ്ഥയും*
ബിഗ് ബാംഗ് തിയറിപ്രകാരം പ്രപഞ്ചം ഏകദേശം 13.8 ബില്ല്യൺ വർഷങ്ങൾക്കുമുൻപ് രൂപീകൃതമായതാണ്. അത്യുഷ്ണത്തിലുള്ള ആ സാന്ദ്രതകൂടിയ ആ രൂപം അതിവേഗം വികസിക്കാൻ തുടങ്ങി. ഏകദേശം 3,80,000 വർഷങ്ങൾക്കു ശേഷം പ്രപഞ്ചം തണുത്തു പ്രോട്ടോണുകളും, ഇലക്ട്രോണുകളും കൂടിച്ചേർന്ന് ഹൈഡ്രജൻ ഉണ്ടാവാൻ തുടങ്ങി. ഈ സമയത്ത് ദ്രവ്യവും ഊർജ്ജവും വേർപ്പെടുകയും ഫോട്ടോണുകൾക്കു സ്വാതന്ത്രൃമായി സഞ്ചരിക്കാൻ കഴിയുകയും ചെയ്തു. ഈ ആദ്യ വികസിത അവസ്ഥയിൽ ദ്രവ്യം ഗുരുത്വാകർഷണ ബലത്താൽ നക്ഷത്രങ്ങളും,താരാപഥങ്ങളും,മറ്റു ആകാശഗോളങ്ങളായും രൂപാന്തരപ്പെട്ടു. ഈ രൂപീകരണത്തിനു ശേഷം ബാക്കിയുള്ള ശൂന്യമായ പ്രദേശത്തെയാണ് ഇന്ന് നമ്മൾ ബഹിരാകാശം എന്നു വിളിക്കുന്നത്.
വിൽകിൻസൺ മിക്രോവേവ് അനിസോട്രോപി പ്രോബ് തുടങ്ങിയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കോസ്മിക് മൈക്രൊവേവ് വികിരണങ്ങളുടെ അളവിന്റെ വിശകലനത്തിലൂടെയാണ് ഇപ്പോൾ പ്രപഞ്ചത്തിന്റെ രൂപം നിർണയിക്കുന്നത്. നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്. പ്രപഞ്ചത്തിലെ ശരാശരി ഊർജ്ജത്തിന്റെ സാന്ദ്രത ഡാർക് മാറ്ററും, ബാരിയോണിൿ മാറ്ററും ഉൾപ്പെടെ ക്യുബിക് മീറ്ററിൽ 5.9 പ്രോട്ടോണുകൾക്ക് തുല്ല്യമായാണ് കണക്കാക്കിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സാന്ദ്രത എല്ലായിടത്തും ഒരുപോലെയല്ല. താരാസമൂഹത്തിന്റെ അകത്ത് ഗ്രഹങ്ങളിലും, നക്ഷത്രങ്ങളിലും, ബ്ലാക്ക് ഹോളിലും വളരെയധികം സാന്ദ്രതയുള്ളപ്പോൾ മറ്റു ചിലയിടങ്ങളിൽ ശൂന്യതയാണ്
*സാഹചര്യം*
ബഹിരാകാശമാണ് ഭൂമിയോടേറ്റവും അടുത്തുള്ള പ്രകൃതിദത്ത വാതരിക്തമേഖല. ഘർഷണമില്ലാത്ത ഇവിടെ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും അവയുടെ ഭ്രമണപഥത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. മുകളിൽ പറഞ്ഞതുപോലെ ശൂന്യാകാശം പൂർണ്ണമായും ദ്രവ്യമില്ലാത്ത പ്രദേശമല്ല. ക്യുബിക് മീറ്ററിൽ വളരെ കുറഞ്ഞ അളവിൽ ഹൈഡ്രജൻ ആറ്റങ്ങളുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ ക്യുബിക് മീറ്ററിൽ ഏകദേശം 1025 മോളിക്യൂളുകളാണുള്ളത്. ഇത്രയും കുറഞ്ഞ അളവിൽ മാത്രം ദ്രവ്യമുള്ളതിനാൽ വൈദ്യുത-കാന്തിക തരംഗങ്ങൾക്ക് വളരെ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കും. ഗ്യാലക്സികൾക്കിടയിള്ള സ്ഥലങ്ങളിൽ ഒരു ഫോട്ടോണിന്റെ ശരാശരി വേഗത ഏകദേശം 1023കി. മീ, അഥവാ 10 ബില്ല്യൺ പ്രകാശവർഷങ്ങളാണ്.
*മനുഷ്യശരീരത്തിലുള്ള ആഘാതം*
വളരെ പെട്ടെന്ന് വളരെകുറഞ്ഞ മർദ്ദത്തിലേക്കു ചെല്ലുന്നത് നെഞ്ചിന്റെ ഉള്ളിലും പുറത്തുമുള്ള മർദ്ദത്തിന്റെ ഉയർന്ന വ്യത്യാസം പൾമനറി ബാരോട്രോമയ്ക്ക് (ശ്വാസകോശത്തിന്റെ വിണ്ടുകീറൽ) കാരണമാകും]. പെട്ടെന്നുള്ള അവമർദ്ദനത്തിൽ മർദ്ദവ്യത്യാസം കുറക്കാൻ രക്തത്തിലുള്ള ഓക്സിജൻ ശ്വാസകോശത്തിലേക്കുതന്നെ തിരിച്ചുപോകും. ഇത്തരത്തിലുള്ള ഓക്സിജനില്ലാത്ത രക്തം തലച്ചോറിലെത്തിയാൽ മനുഷ്യരുടെയും മറ്റുജീവികളുടെയും സ്വബോധം സെക്കന്റുകൾക്കകം നഷ്ടപ്പെടുകയും മിനുട്ടുകൾക്കകം മരണപ്പെടുകയും ചെയ്യും
മർദ്ദം 6.3കിലോപാസ്കലിൽ കുറഞ്ഞാൽ രക്തവും മറ്റ് ശരീര സ്രവങ്ങളും തിളക്കുന്ന എബുലിസം എന്ന അവസ്ഥയായി മാറും. ഈ അവസ്ഥയിൽ ശരീരം ഇരട്ടിയോളം വീർക്കുകയും, രക്ത ചംക്രമണം കുറയുകയും ചെയ്യും. സ്പേസ് സ്യൂട്ട് ഉപയോഗിക്കുന്നതുവഴി എബുലിസവും ശരീരത്തിന്റെ വീക്കവും കുറക്കാൻ കഴിയും. ബഹിരാകാശ പേടകത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞർ ശരീരത്തിൽ ഒട്ടിക്കിടക്കുന്ന ക്രൂ ആൾട്ടിട്യൂഡ് പ്രൊട്ടെക്ഷൻ സ്യൂട്ട് എന്ന പ്രത്യേക വസ്ത്രമാണ് ധരിക്കുക. ഇതിന് മർദ്ദം 2കിലോ പാസ്കൽ വരെ കുറഞ്ഞാലും എബുലിസം തടയാൻ കഴിയും.
ഭൂമിയിൽനിന്നും 8 കിലോമീറ്ററിനു മുകളിൽ ആവശ്യത്തിനു ഓക്സിജൻ ലഭിക്കാനും ജലനഷ്ടം ഇല്ലാതിരിക്കാനും സ്പേസ് സ്യൂട്ട് ഉപയോഗിക്കണം. 20കി. മീ. മുകളിൽ സ്പേസ് സ്യൂട്ട് എബുലിസം ഉണ്ടാവാതിരിക്കാൻ അത്യന്താപേക്ഷിതമാണ്. മിക്കവാറും സ്പേസ് സ്യൂട്ടിൽ ഭൂമിയുടെ ഉപരിതലത്തിലുള്ളതുപോലെ 30 മുതൽ 39 കിലോ പാസ്കൽ ശുദ്ധമായ ഓക്സിജനാണ് ഉപയോഗിക്കുക. എബുലിസം ഉണ്ടാവാതിരിക്കാൻ ഈ മർദ്ദം മതിയാവും എങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ രക്തത്തിന്റെ ബാഷ്പീകരണം മറ്റ് അസ്വസ്ഥതകൾക്ക് കാരണമാവും