* "50 കാരറ്റ് സ്വർണ്ണം എവിടെയെങ്കിലും കിട്ടുമോ ചേട്ടാ? വില ഒരു പ്രശ്നമല്ല "*
ഒരു സുഹൃത്തിന്റെ ചോദ്യമാണ്.
" എന്തൊരു മണ്ടൻ ചോദ്യം " എന്നു പറയാൻ വരട്ടെ.
സ്വർണ്ണം വാങ്ങിക്കൂട്ടുന്നതിൽ ലോകത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നവരാണ് മലയാളികളെന്നാലും സ്വർണ്ണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും മിക്കവർക്കും അറിയില്ല എന്നതാണ് സത്യം.
ഡയമണ്ടിനെ കുറിച്ചുള്ള പോസ്റ്റ് വായിച്ചതോടെ ഡയമണ്ട് വാങ്ങാനുള്ള മോഹം ഉപേക്ഷിച്ച സുഹൃത്ത്, ഭാര്യക്ക് വിവാഹ വാർഷികത്തിന് പുതുമയുള്ള സമ്മാനമായി മനസ്സിൽ കണ്ടത് അധികമാരും വാങ്ങാൻ സാദ്ധ്യതയില്ലാത്ത 50 കാരറ്റ് സ്വർണ്ണമാണ്.
പക്ഷെ പല ജ്വല്ലറികളിലും അന്വേഷിച്ചെങ്കിലും 24 കാരറ്റിന് മുകളിൽ എവിടെയും ലഭ്യമല്ല എന്ന മറുപടിയാണ് കിട്ടിയത്. പൊതുവേ മലയാളികൾക്ക് ഇത്തരം സംശയങ്ങൾ ഉണ്ടാവാത്തതാണ്. അഥവാ ഉണ്ടായാൽത്തന്നെ, ദുരഭിമാനം കാരണം അതാരോടും ചോദിക്കാൻ സാദ്ധ്യത കുറവുമാണ്.
ഇനി ചോദിച്ചാലോ മിക്കവർക്കും ഉത്തരം അറിയില്ല എന്നതാണ് സത്യം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജ്വല്ലറിയിൽ വച്ച് 22 കാരറ്റിന് പകരം കൂടുതൽ പരിശുദ്ധിയുള്ള 25 ഓ 50 ഓ കാരറ്റ് സ്വർണ്ണം വാങ്ങിക്കൂടെ എന്ന് അച്ഛനോട് ചോദിച്ചത്. മിണ്ടാതിരിക്കാനുള്ള താക്കീതായിരുന്നു മറുപടി. വീട്ടിലെത്തി വീണ്ടും എന്താണീ സ്വർണ്ണവും കാരറ്റും തമ്മിലുള്ള ബന്ധം, അഥവാ ഇനി ബീറ്റ്റൂട്ടിലോ തക്കാളിയിലോ മറ്റോ സ്വർണ്ണത്തിന്റെ പരിശുദ്ധി ഉണ്ടോ എന്നൊക്കെ ചോദിച്ചപ്പോൾ സ്കൂളിൽ ടീച്ചറോട് ചോദിക്കാനായിരുന്നു നിർദ്ധേശം.
ഉത്തരം തേടി സ്കൂളിലെത്തിയെങ്കിലും ടീച്ചർമാർക്കറിയില്ലെന്നത് പോകട്ടെ, അങ്കിൾ, ആൻറി തുടങ്ങി അപ്പൂപ്പൻ വരെ ആർക്കും ഉത്തരമില്ല. പലർക്കും ആകെ അറിയാവുന്നത് 24 കാരറ്റ് ഏറ്റവും ഉയർന്ന പരിശുദ്ധി ആണെന്നും, പക്ഷെ മൃദുലമായത് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കാൻ 22 കാരറ്റ് ആണ് ഉപയോഗിക്കുന്നതെന്നുമാണ്.
ഏറ്റവും പരിശുദ്ധ സ്വർണ്ണം 100 കാരറ്റ് ആയിരിക്കില്ലേ എന്നും, പരിശുദ്ധിയെ കാരറ്റ് എന്നു വിളിക്കുന്നത് എന്തിനാണെന്നും ഉള്ള ചോദ്യങ്ങൾക്ക് അന്ന് ഉത്തരം കിട്ടിയില്ല.
വർഷങ്ങൾക്കിപ്പുറം, ഇരുപതിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ളവരോടും അതിൽ തന്നെ ഇന്ത്യയിൽ 15ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ളവരോടും ട്രെയിനിംഗിന്റെ ഭാഗമായി ഇതേ ചോദ്യം ചോദിക്കാറുണ്ടെങ്കിലും ആർക്കും തന്നെ ഉത്തരം അറിയുമായിരുന്നില്ല. പക്ഷേ തീർത്തും കൗതുകകരമായി തോന്നിയത് ജ്വല്ലറികളിൽ ജോലി ചെയ്യുന്ന പലർക്കും ശരിയായ ഉത്തരം അറിയില്ല എന്നതാണ്.
പഠിക്കുന്ന കുട്ടികൾ ഉള്ള എല്ലാവരും എന്നെങ്കിലും ഈ ചോദ്യം പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതിനാൽ നമ്മുക്ക് സ്വർണ്ണവും കാരറ്റും തമ്മിലുള്ള ബന്ധവും ഈ പേര് വന്നതെങ്ങിനെ എന്നുമുള്ള ഉത്തരത്തിലേക്ക് കടക്കാം.
നൂറ്റാണ്ടുകൾക്ക് മുൻപ്, രാജ്യങ്ങളിൽ അളവു തൂക്ക നിയന്ത്രണ വകുപ്പുകൾ ഒക്കെ വരുന്നതിന് മുൻപുള്ള കാലത്ത്, സാധനങ്ങൾ ഭാരത്തിന്റെ അടിസ്ഥാനത്തിൽ തൂക്കി വാങ്ങാനോ വിൽക്കാനോ ആയി പൊതുവായ തൂക്ക കട്ടികൾ ഒന്നുണ്ടായിരുന്നില്ല. ബാർട്ടർ സമ്പ്രദായത്തിലും മറ്റും നിത്യോപയോഗ സാധനങ്ങളുടെ ക്രയ വിക്രയം വലിയ പ്രശ്നം ഉണ്ടാക്കിയില്ലെങ്കിലും അമൂല്യമായ സ്വർണ്ണത്തിനും രത്നങ്ങൾക്കും ഒക്കെ എല്ലാ രാജ്യത്തും പ്രദേശത്തും ഒരേ തൂക്കവും വിശ്വാസ്യതയും ഉള്ള ഒരു വസ്തു ആവശ്യമായിരുന്നു.
എന്നാൽ, പ്രകൃതി എവിടെയും സുലഭമായി കിട്ടുന്ന എന്നാൽ ഒരേ ഭാരമുള്ള ഒന്നിലധികം വസ്തുക്കൾ സൃഷ്ടിക്കുകയില്ലല്ലോ. ഒരേ പോലിരിക്കുന്ന രണ്ടു വസ്തുക്കൾ സാധാരണ ഉണ്ടാവാറില്ല.
പക്ഷെ പ്രകൃതിയുടെ വികൃതി എന്നോ അനുഗ്രഹം എന്നോ പറയാം, മെഡിറ്ററേനിയൻ കാലാവസ്ഥയിൽ വളരുന്ന Carob മരത്തിന്റെ കായകൾക്ക് (വിത്തിന്)എല്ലാം ഒരേ വലിപ്പവും ഭാരവുമായിരുന്നു. ഏത് രാജ്യത്തെ, ഏത് പ്രദേശത്തെ, ഏത് മരത്തിലെ കായയുടെ പയർ മണിക്കും ഒരേ ഭാരം. അത്ഭുതം തന്നെ!.
ഓരോ പയർ മണിയുടെയും അഥവാ, Carob ന്റെയും ഭാരം കൃത്യം 200 മില്ലിഗ്രാം, അഥവാ ഒരു ഗ്രാമിന്റെ അഞ്ചിലൊന്ന്. ഇന്നത്തെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഭാരം നോക്കിയപ്പോൾ പോലും വ്യത്യാസം കണ്ടു പിടിക്കാനായത് 0.003 gm മാത്രം. ഈ കാരബ് പയർ മണികളാണ് അറബികളും മറ്റും സ്വർണ്ണത്തിന്റെ ഭാരം കണക്കാക്കി വിൽക്കുകയും വാങ്ങുകയും ചെയ്യാൻ ആധാരമാക്കിയിരുന്നത്. അതിന്റെ ഭാരത്തിന്റെ വിശ്വാസ്യതയിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല.
സ്വർണ്ണം തരികളായും ചെറു തകിടുകളായും ആയിരുന്നു, അടിസ്ഥാന ക്രയവിക്രയം നടന്നിരുന്നത്. ആഭരണങ്ങൾ ഉണ്ടാക്കാനും മറ്റും സ്വർണ്ണപ്പണിക്കാരെ ഏൽപ്പിക്കുമ്പോൾ, ശുദ്ധമായ സ്വർണ്ണം ദൃഡത കുറഞ്ഞതായതിനാൽ അതിൽ ചേർക്കാനുള്ള ചെറിയ അളവ് വെള്ളി കൂടെ ആവശ്യക്കാരൻ കൊടുക്കണമായിരുന്നു.
ആഭരണങ്ങൾ ഉണ്ടാക്കാനുള്ള അനുപാതം, ഉണ്ടാക്കാനുള്ള സൗകര്യത്തിന്, ഏറ്റവും കൂടിയത് 24 കാരബിന്റെ തൂക്കത്തിൽ 22 കാരബ് തൂക്കം സ്വർണ്ണവും 2 കാരബ് തൂക്കം വെള്ളിയും എന്നതായി മാറി. ആവശ്യത്തിന് സ്വർണ്ണം ഇല്ലാത്തവർ 18 കാരബ് സ്വർണ്ണവും ബാക്കി വെള്ളിയും അല്ലെങ്കിൽ 16 ഭാഗം സ്വർണ്ണം 8 ഭാഗം വെള്ളി എന്നിങ്ങനെ അവരവരുടെ കഴിവിനനുസരിച്ച് കൊടുത്ത് ആഭരണങ്ങൾ ഉണ്ടാക്കിയിരുന്നു. എളുപ്പത്തിൽ ഭാഗിക്കാം എന്നതിനാൽ കണക്ക് വെക്കാൻ സൗകര്യത്തിന് ഇടപാടുകൾ 24 ന്റെ ഗുണിതങ്ങൾ ആയി തുടർന്നു പോന്നു.
കാലക്രമേണ, വെള്ളിക്ക് പകരം വില കുറഞ്ഞ ചെമ്പ് സ്വർണ്ണപ്പണിക്കാർ തന്നെ ചേർക്കുകയും സ്വർണ്ണം മാത്രം, ആവശ്യക്കാർ 16 കാരബ്, 18 കാരബ്, 22 കാരബ് എന്നിങ്ങനെ ആഭരണം ഉണ്ടാക്കാനായി കൊടുക്കുകയും ചെയ്ത് പോന്നു. ആഭരണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്റെ കാരബ് പറഞ്ഞാൽ എത്ര ഭാഗം / പരിശുദ്ധി അതിനുണ്ടെന്ന് പെട്ടന്ന് തന്നെ എല്ലാവർക്കും മനസ്സിലാക്കാനായതോടെ കാരബ് എന്ന വാക്ക് സ്വർണ്ണത്തിന്റെ പരിശുദ്ധിയെ കുറിക്കുന്ന ഒന്നായി. ഈ കാരബ് എന്ന വാക്ക് പാശ്ചാത്യർ ഉപയോഗിച്ച് തുടങ്ങിയതോടെ പിന്നീട് കാരറ്റ് (Karat) എന്നായി മാറിയതാണ്.
24 ൽ 18 ഭാഗം അഥവാ 18 കാരറ്റ് സ്വർണ്ണം എന്നു പറഞ്ഞാൽ 75% സ്വർണ്ണം ഉപയോഗിച്ചാണ് ആഭരണം ഉണ്ടാക്കിയിരിക്കുന്നത് എന്നർത്ഥം. 24 ൽ 22 കാരറ്റ് സ്വർണ്ണമാണെന്ന് പറഞ്ഞാലോ 91.6% സ്വർണ്ണം ആഭരണത്തിലുണ്ട് എന്നു മാത്രമേ അർത്ഥമുള്ളൂ.
അതായത് 22 കാരറ്റ് എന്നതും 916 പരിശുദ്ധി എന്നു പറയുന്നതും ഒന്നു തന്നെ എന്നു സാരം.
ഇനി 24 കാരറ്റ് സ്വർണ്ണമാണെങ്കിലും 99.9% മാത്രമേ പരിശുദ്ധി കിട്ടുകയുള്ളു. അൽപമെങ്കിലും മറ്റു ലോഹങ്ങളുടെ സങ്കരം ഉണ്ടായിരിക്കും. ഇന്നുവരെ റിഫൈൻ ചെയ്തെടുത്തിട്ടുള്ള ഏറ്റവും ശുദ്ധമായ സ്വർണ്ണം 999.999 അഥവാ Six Nines ആണ്. സ്വർണ്ണ ബാറുകൾ പരിശുദ്ധിയിൽ 999.9 ആയിരിക്കും
സ്വർണ്ണത്തെക്കുറിച്ച് ഒരു പാട് രസകരമായ വസ്തുതകൾ ഉണ്ടെങ്കിലും വിസ്താര ഭയം മൂലം ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
തിളക്കം ഒന്നുകൊണ്ട് മാത്രമല്ല ആഭരണമേഖലയിൽ അജയ്യനായി സ്വർണ്ണം വാഴുന്നത്, മറിച്ച് ആഭരണങ്ങൾ ഉണ്ടാക്കാൻ സൗകര്യപ്രദമായ മറ്റൊരു ലോഹവും സ്വർണ്ണത്തിന് മുന്നിലില്ല എന്നതാണ് സത്യം.
വലിച്ചു നീട്ടി കമ്പികളാക്കാനും അടിച്ചു പരത്തി നേർത്ത തകിടുകളാക്കാനും സ്വർണ്ണത്തിനുള്ള സാധ്യത അപാരമാണ്.
നാലുപവന്റെ സാധാരണ മാലയിലെ സ്വർണ്ണം വലിച്ചു നീട്ടി 80 കിലോമീറ്റർ നീളമുള്ള കമ്പിയാക്കാൻ കഴിയും എന്നു മാത്രമല്ല, അടിച്ചു പരത്തിയാൽ 100 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള തകിടാക്കാനും കഴിയും.
ഇനി സ്വർണ്ണം വാങ്ങുന്നത് ആധികാരികമായി തന്നെയാവട്ടെ.
Courtesy : WhatsApp
No comments:
Post a Comment