Friday 10 August 2018

വെള്ളപ്പൊക്കത്തിൽ

🎋🍀🎋🍀🎋🍀🎋🍀🎋 *വെള്ളപ്പൊക്കത്തിൽ*
*-------------------------*
മറക്കാനാവില്ല കേരളത്തിന് ആ പ്രളയം; നാടിനെ ഇളക്കിമറിച്ച '99 ലെ വെള്ളപ്പൊക്കം'; ചരിത്രം

പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയായ സംസ്‌ഥാനമാണ്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തമാണ് തെണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നു പഴമക്കാരുടെ ഇടയിൽ പ്രചാരമുള്ള 1924–ലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099 കർക്കിടക മാസത്തിൽ ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്.
കേട്ടറിവിനേക്കാൾ വലുതാണു തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം എന്ന സത്യം. 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി കേരളത്തിൽ ഉണ്ടായത് ഭീകരമായ വെള്ളപ്പൊക്കമാണ്. മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ കാഠിന്യം നമുക്ക് ഊഹിക്കാവുന്നതാണ്. ഇതില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതിന് കണക്കുകളില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. പ്രളയത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരുന്നത്. ഏറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങി. കുട്ടനാട് പൂര്‍ണ്ണമായും വെള്ളത്തില്‍ താഴ്ന്നു. മദ്ധ്യ തിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങുകയുണ്ടായി. മലബാറിലും പ്രളയം കനത്തതോതില്‍ ബാധിച്ചിരുന്നു. തെക്കേ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം പകുതിയിലേറെയും മുങ്ങി. രണ്ടായിരം വീടുകള്‍വരെ നിലം പതിച്ചു.

കേരളത്തിന് സംഭവിച്ച മറ്റൊരു പ്രധാനനഷ്ടം മൂന്നാറിനേറ്റ ആഘാതമായിരുന്നു. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന മൂന്നാറില്‍ വൈദ്യുതിയും റോപ്പ് വേയും തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകളോളം പരന്നു കിടന്നിരുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. മലവെള്ളപ്പാച്ചിലും ഒഴുകി വന്ന മരങ്ങളും കൂടി മൂന്നാര്‍ പട്ടണം തകര്‍ത്തു. റോഡുകളെല്ലാം നശിച്ചു. റെയില്‍വേ സ്റ്റേഷനും റെയില്‍പാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു. 1924 ജൂലൈ മാസത്തില്‍ മൂന്നാറില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് 171 ഇഞ്ചായിരുന്നു. ബ്രിട്ടീഷുകാര്‍ അവിടെ വീണ്ടും തേയിലച്ചെടികള്‍ നട്ടും റോഡുകള്‍ നന്നാക്കിയും പഴയ മൂന്നാറാക്കി മാറ്റി. എന്നാല്‍ ആ വെള്ളപ്പൊക്കത്തില്‍ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടം റെയില്‍ഗതാഗതം തന്നെയായിരുന്നു. കുണ്ടള വാലി റെയില്‍വെ എന്ന പേരിലറിയപ്പെട്ടിരുന്ന മൂന്നാറിലെ തീവണ്ടി സര്‍വ്വീസ് ഇന്നും ഒരോര്‍മ്മക്കുറിപ്പായി അവശേഷിക്കുന്നു.

കരിന്തിരി മലയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് മൂന്നാറിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. പിന്നീടാണ് കോതമംഗലത്തുനിന്ന് മൂന്നാറിലേക്ക് പുതിയ റോഡ് നിര്‍മ്മിച്ചത്. മാസങ്ങളോളം നീണ്ട ദുരിതമാണ് 1099 ലെ വെള്ളപ്പൊക്കം നാടിന് സമ്മാനിച്ചത്. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ പശ്‌ചാത്തലത്തിൽ തകഴി ശിവശങ്കരപ്പിള്ള രചിച്ച ചെറുകഥയാണ് ‘വെള്ളപ്പൊക്കത്തിൽ’. പ്രക്യതിയോടുള്ള മനുഷ്യന്റെ കാഴ്ചപാട് മാറിയില്ലെങ്കിൽ ഇതിലും വലിയ ദുരന്തങ്ങൾക്ക് നാം ഇനിയും സാക്ഷിയാകേണ്ടി വരും.
🎋🍀🎋🍀🎋🍀🎋🍀🎋

No comments:

Post a Comment