Monday, 15 October 2018

ഇന്ന് എപിജെ അബ്ദുള്‍ കലാമിൻ്റെ 87-ആം ജന്മദിനം; ഒപ്പം വിദ്യാർത്ഥി ദിനവും




ഇന്ന് ഒക്ടോബര്‍ 15 , നമ്മുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിൻ്റെ  87-ആം ജന്മദിനം. മറ്റൊരു പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്. ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം കൂടിയാണ്. മുൻ രാഷ്ട്രപതിയുടെ ജന്മദിനം ലോക വിദ്യാര്‍ത്ഥിദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. മഹാനായ ഭാരതപുത്രന് സാര്‍വ്വദേശിയ അംഗീകാരം. രാഷ്ട്രപതി ആയിരിക്കുമ്പോഴും അദ്ദേഹം വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു

വിദ്യാർത്ഥികൾക്കും കുരുന്നുകൾക്കും ഏറെ പ്രിയങ്കരനായിരുന്നു നമ്മുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം. തന്റെ വിനയവും മിത ഭാഷ്യവും കൊണ്ട് ലോകത്താകമാനം ശ്രദ്ധേയനാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സദാ പുഞ്ചിരിക്കുന്ന ആ മുഖം ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

രാഷ്ട്രത്തലവൻ എന്ന പദവിയിൽ നിന്നും വിരമിച്ച ശേഷം കുഞ്ഞുങ്ങളോടൊപ്പം ചിരിക്കുന്ന മുഖവുമായി സമയം ചിലവഴിക്കാൻ കലാംജി സന്തോഷം കണ്ടെത്തി. രാഷ്ട്രപതി ആയിരുന്നപ്പോഴും പലപ്പോഴും പ്രോട്ടോകോൾ മറന്നു അദ്ദേഹം കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ചിന്തിക്കാനും സ്വപ്നം കാണാനും പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ‘സ്വപ്നങ്ങൾ കണ്ടുറങ്ങാനുള്ളതല്ല, അത് നമ്മെ ഉണർത്തുവാനുള്ളതാണ്.’

ഈ വർഷം ഒക്ടോബർ 15 നു ലോക വിദ്യാർത്ഥി ദിനം ആചരിക്കുമ്പോൾ അബ്ദുൽ കലാം എന്ന പ്രതിഭാ ശാലിയായ അധ്യാപകനും ശാസ്ത്രജ്ഞനും ജീവിച്ചിരിപ്പില്ല. മാനവ സ്നേഹത്തിന്റെ ഉത്തമ പ്രതീകമായ മാതൃക പുരുഷൻ മൺ മറഞ്ഞിരിക്കുന്നു.

ഷില്ലോങ്ങിൽ വിദ്യാർത്ഥികളോട് സംസാരിച്ചു കൊണ്ട് നിൽക്കവേ തീർത്തും അപ്രതീക്ഷിതമായി കുഴഞ്ഞു വീണു അദ്ദേഹം നമ്മോടു വിട പറഞ്ഞു. ആരാധിക്കപ്പെടുന്നതിലും അദ്ദേഹം ഇഷ്ടപെട്ടത് അച്ചടക്കത്തോടെ സ്വന്തം ജോലികൾ മുടങ്ങാതെ ചെയ്യുന്ന ഉത്തമ പൗരൻ ആയിരിക്കുന്നതിൽ ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞു “എന്റെ മരണദിവസം നിങ്ങൾ അവധി പ്രഖ്യാപിക്കരുത്. എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ഒരു ദിവസം കൂടി ജോലി ചെയ്യുവിൻ.”

ഇന്ത്യയിലെ വിദ്യാർത്ഥികളിലും യുവ മനസ്സുകളിലും ശാസ്ത്ര സ്വപ്നങ്ങൾ വിരിയിച്ച പ്രതിഭാശാലി ‘അഗ്നിച്ചിറകുകൾ’ എന്ന തന്റെ ആത്മകഥയിലൂടെ ക്ലേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിമിഷങ്ങൾ പങ്കു വെയ്ക്കുന്നു. ഇതിലെ ഓരോ വരികളും നമ്മുടെ കുട്ടികൾക്ക് പ്രചോദനവും ഊർജവും പകരുമെന്നതിൽ സംശയമില്ല.

നാളെയുടെ വാഗ്ദാനമാണ് ഇന്നത്തെ വിദ്യാർഥികൾ. പാഠ്യവിഷയങ്ങളിൽ മുന്നേറുന്നതിനൊപ്പം നല്ലൊരു വ്യക്തിയായി ജീവിക്കാനും നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ. അതേസമയം രാജ്യത്ത് വളരെ കുറച്ച് പേര്‍ മാത്രമേ മികച്ച വിദ്യാഭ്യാസം കൈവരിക്കുന്നുള്ളു. അടിസ്ഥാനസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരുപാടു കുരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു പക്ഷെ ഒരു ജീവിതം ദാനം ചെയ്യാൻ നമുക്ക് കഴിഞ്ഞില്ലെന്നു വരം. എങ്കിലും നമ്മളാൽ കഴിയുന്ന എല്ലാ സഹായങ്ങളും അവഗണിക്കപ്പെടുന്ന കുരുന്നുകൾക്കായി നമുക്ക് വാഗ്ദാനം ചെയ്യാം. മുന്നോട്ടുള്ള പ്രയാണത്തിൽ ചുറ്റുമുള്ളവയെ മറക്കാതിരിക്കാൻ നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യാം.സങ്കീർണ്ണമായ ജീവിത ശൈലികളിലൂടെ ഉയർച്ചയുടെ പടവുകൾ താണ്ടിയ നമ്മുടെ മുൻ രാഷ്ട്രപതി ഓരോ വിദ്യാർത്ഥിക്കും മാതൃകയായിരിക്കട്ടെ.

No comments:

Post a Comment