ഇന്ന് ഡിസംബർ -04 - നാവികസേന ദിനം
+-------+-------+-------+-------+------+-------+
ഇന്ത്യന്‍ നേവിയെക്കുറിച്ച് 10 കാര്യങ്ങള്‍
ഇന്ത്യയുടെ അഭിമാനമായ നാവികസേനയെക്കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ...
ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേന ദിനമാണ്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങള്‍, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്നു. 47-ാം നാവികസേന ദിനത്തില്‍ 'കടലിലെ സംരക്ഷകരെ'ക്കുറിച്ചുള്ള പത്ത് കാര്യങ്ങള്‍ അറിയാം.
ആദ്യ ചുവടുകള്‍
1612ലാണ് നാവികസേനയുടെ തുടക്കം. ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാവികസേനക്ക് രൂപം കൊടുത്തത്. റോയല്‍ ഇന്ത്യന്‍ നേവി എന്നായിരുന്നു ആദ്യത്തെ പേര്. സ്വാതന്ത്ര്യത്തിന് ശേഷം 1950 ജനുവരി 26നാണ് ഇന്ത്യന്‍ നേവി എന്ന പേര് സ്വീകരിച്ചത്.
നാവികസേന ദിനം
ഇന്ത്യന്‍ നാവികസേനയുടെ സ്ഥാപക ദിനമല്ല ഡിസംബര്‍ 4. 1971ല്‍ പാകിസ്ഥാനിലെ കറാച്ചിയിലെ നാവികസേന ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു.ഓപ്പറേഷന്‍ ട്രൈഡന്‍റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വിജയത്തിന്‍റെ ആദരസൂചകമായാണ് നാവികസേന ദിനം സ്ഥാപിച്ചത്.
ശക്തിയറിയിക്കുന്ന ദൗത്യങ്ങള്‍
1971ല്‍ പാകിസ്ഥാനെതിരെ ഉപരോധം സൃഷ്ടിക്കാന്‍ നാവികസേനക്ക് കഴിഞ്ഞു. എയര്‍ക്രാഫ്റ്റ് ബോംബിങ്, ക്രൂസ് മിസൈല്‍ സ്ട്രൈക്കുകള്‍ എന്നിവയും നടത്തി. ആന്‍റി-ഷിപ്പ് ക്രൂസ് മിസൈലുകളാണ് ഇതിന് ഉപയോഗിച്ചത്. ശക്തിയറിയിച്ച ഒരു ദൗത്യമായിരുന്നു അത്.
യഥാര്‍ഥ ശക്തി
ലോകത്തിലെ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്. 2016ലെ കണക്ക് അനുസരിച്ച് 58,000 പേരാണ് നാവികസേന ഉദ്യോഗസ്ഥരായുള്ളത്. രണ്ട് എയര്‍ക്രാഫ്‍റ്റ് ക്യാരിയറുകള്‍, ഒരു ട്രാന്‍സ്പോര്‍ട്ട് ഡോക്ക്, 19 ലാന്‍ഡിങ് ഷിപ്പ് ടാങ്കുകള്‍, 10 ഡെസ്ട്രോയറുകള്‍, 15 ഫ്രിഗേറ്റുകള്‍, ഒരു ആണവ സബ്‍മറൈന്‍, 14 സബ്‍മറൈനുകള്‍, 25 കോര്‍വെറ്റുകള്‍, 7 മൈന്‍ കൗണ്ടര്‍ മെഷര്‍ വെസ്സലുകള്‍, 47 പട്രോളിങ് വെസ്സലുകള്‍, 4 ഫ്ളീറ്റ് ടാങ്കറുകള്‍, ഒരു മിസൈല്‍വേധ സബ്‍മറൈന്‍ എന്നിങ്ങനെ പോകുന്നു നാവികസേനയുടെ കരുത്ത്.
ആദ്യ എയര്‍ക്രാഫ്‍റ്റ് ക്യാരിയര്‍
ഐഎന്‍എസ് വിരാട് ആണ് ഇന്ത്യയുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ക്യാരിയറും ഇതുതന്നെയാണ്. രണ്ടാമത്തെ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ ഐഎന്‍എസ് വിക്രമാദിത്യയാണ്. ഇന്ത്യയില്‍ സ്വന്തമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തും ഇന്ത്യയുടെ സ്വന്തമാണ്.
ആദ്യ ബാലിസ്റ്റിക് മിസൈല്‍ സബ്‍മറൈന്‍
ഇന്ത്യയുടെ ആദ്യ ബാലിസ്റ്റിക് മിസൈല്‍ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത്. ആണവ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന ഈ മുങ്ങിക്കപ്പലിന്‍റെ ശേഷി 6000 ടണ്‍ ആണ്. ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം അംഗങ്ങളല്ലാതെ പുറത്ത് നിന്ന് ഒരു രാജ്യം ആദ്യമായാണ് ഇത്തരം മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കുന്നത്.
കടലിലെ സിംഹങ്ങള്‍
ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ദൗത്യ സംഘമാണ് മര്‍കോസ്. മറൈന്‍ കമാന്‍ഡോസ് എന്നതിന്‍റെ ചുരുക്കെഴുത്താണിത്. 2008ലെ മുംബൈ ഭീകരാക്രമണ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ മര്‍കോസ് വലിയ പങ്കു വഹിച്ചിരുന്നു.
നാവികസേനയുടെ അഭിമാനം
ആകാശത്ത് നടത്തുന്ന വ്യോമാഭ്യാസങ്ങള്‍ക്കുള്ള എയറോബാറ്റിക് സംഘങ്ങളില്‍ ഇന്ത്യയുടെ സാഗര്‍ പവന്‍ ഉണ്ട്. ലോകത്തില്‍ ആകെ മൂന്നു രാജ്യങ്ങള്‍ക്കേ ഇത്തരം എയറോബാറ്റിക് സംഘങ്ങള്‍ ഉള്ളൂ.
സാഹസിക പര്യവേഷണങ്ങള്‍
ഉത്തരദ്രുവത്തിലും ദക്ഷിണദ്രുവത്തിലും ഇന്ത്യന്‍ നാവികസേന പര്യവേഷണം നടത്തിയിട്ടുണ്ട്. 2008ല്‍ ഇന്ത്യന്‍ നാവികസേനയുടെ പത്ത് അംഗങ്ങള്‍ ഉത്തരദ്രുവത്തില്‍ എത്തി.
എവറസ്റ്റില്‍ ആദ്യം
2004ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു പ്രത്യേക ദൗത്യം എവറസ്റ്റ് കൊടുമുടിയില്‍ എത്തി. നാവികസേനയിലെ ഡോക്ടര്‍ വൈകിങ് ഭാനു, മെഡിക്കല്‍ അസിസ്റ്റന്‍റുമാരായ രാകേഷ് കുമാര്‍, വികാസ് കുമാര്‍ എന്നിവരാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
+-------+-------+-------+-------+------+-------+
🏺ഇന്ത്യന്‍ നാവികസേന✍
ഇന്ത്യന്‍ സേനയിലെ മൂന്നു പ്രധാന വിഭാഗങ്ങളിലൊന്ന്; കരസേന, വ്യോമസേന എന്നിവയാണ് മറ്റു വിഭാഗങ്ങള്‍. ഇന്ത്യന്‍ സമുദ്രതീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധം, സമുദ്രാതിർത്തിയിൽക്കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ക്കുവേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായി കപ്പൽഗതാഗതത്തിനു വേണ്ടിയുള്ള കപ്പൽചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകള്‍ തെറ്റിയാത്രയിൽ മണൽത്തിട്ടയിൽ ഉറയ്‌ക്കുന്ന കപ്പലുകളുടെ രക്ഷയ്‌ക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധനബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നേവി നിർവഹിച്ചുവരുന്നു. കൂടാതെ പണിമുടക്കുമൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖപ്രവർത്തനങ്ങള്‍ സ്‌തംഭനാവസ്ഥയിലെത്തിയാൽ അത് ഏറ്റെടുക്കുക, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതിൽപ്പെട്ടുഴലുന്നവർക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നേവിയുടെ കർത്തവ്യങ്ങളിൽപ്പെടുന്നു. നേവിയിലെ മുങ്ങൽവിദഗ്‌ധർ വിലയേറിയ സേവനങ്ങള്‍ നല്‌കാറുണ്ട്.
യുദ്ധസമയത്ത് ഇന്ത്യയുടെയും സുഹൃദ് രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിനുറപ്പുവരുത്തുകയും തദ്വാര അവശ്യവസ്‌തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ഇന്ത്യന്‍ നാവികസേനയുടെ കർത്തവ്യങ്ങളാണ്. സമാധാനകാലങ്ങളിൽ ഇന്ത്യന്‍ നാവികസേനാകപ്പലുകള്‍ സൗഹൃദസന്ദർശനങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലേക്കു പോകാറുണ്ട്. ഈവിധ സന്ദർശനങ്ങള്‍ നാവികസേനയുടെ അനുഭവപരിജ്ഞാനത്തിനൊപ്പം സുഹൃദ്‌രാജ്യങ്ങളുമായുള്ള മൈത്രീബന്ധവും അന്താരാഷ്‌ട്ര സന്മനോഭാവവും ദൃഢമാക്കുന്നു.
🌷ചരിത്രം
അതിപുരാതനകാലത്ത്‌തന്നെ ഇന്ത്യന്‍ പ്രദേശങ്ങളിൽ നാവികസേനകള്‍ നിലവിലുണ്ടായിരുന്നു. ഋഗ്വേദം, മഹാഭാരതം, രാമായണം തുടങ്ങിയ കൃതികളിൽ നാവികസൈന്യങ്ങളെക്കുറിച്ചുള്ള നിരവധി വിവരണങ്ങള്‍ കാണാം. ബി.സി. നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്‌തമൗര്യനാണ് മികച്ച ഒരു നാവികസൈന്യത്തെ ഇന്ത്യന്‍ തീരങ്ങളിൽ ആദ്യമായി സംഘടിപ്പിച്ചത്. ചന്ദ്രഗുപ്‌തമൗര്യന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത് ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്‌തമൗര്യന്റെ രാജധാനിയിലെ ഗ്രീക്ക് പ്രതിപുരുഷനായിരുന്ന മെഗസ്‌തനീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രയാത്രകള്‍ സുഗമമാക്കുക, കടൽക്കൊള്ളക്കാരെയും സമുദ്രാതിർത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയായിരുന്നു ഈ നാവികസൈന്യത്തിന്റെ പ്രധാന ചുമതലകള്‍. മൗര്യചക്രവർത്തിയായ അശോകനും മികച്ച രീതിയിൽ നാവിക സൈന്യത്തെ സജ്ജീകരിച്ചിരുന്നു.
ദക്ഷിണേന്ത്യയിൽ പല്ലവർക്ക് കോറമണ്ഡലം ആസ്ഥാനമാക്കിയ ഒരു നാവികസൈന്യം ഉണ്ടായിരുന്നു. നരസിംഹവർമന്‍ എന്ന പല്ലവരാജാവ് ശ്രീലങ്ക പടിച്ചടക്കിയത് വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയാണ്. സംഘസാഹിത്യത്തിൽ കേരളതീരങ്ങളിലെ പൗരാണിക നാവിക യുദ്ധങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ചേരരാജാക്കന്മാരായ ഇമയവരമ്പന്‍, ചെങ്കുട്ടുവന്‍ എന്നിവരുടെ നാവിക യുദ്ധവിജയങ്ങളെക്കുറിച്ച് പതിറ്റുപ്പത്തിൽ വിവരിക്കുന്നുണ്ട്. മധ്യകാലത്ത് ഇന്ത്യയിലെ പ്രമുഖ നാവികശക്തികള്‍ മറാത്ത, കേരളതീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്തയിലെ കനോജി അംറോ, സാമൂതിരിയുടെ കപ്പൽപ്പടയിലെ തലവന്മാരായ കുഞ്ഞാലിമരയ്‌ക്കാർമാർ എന്നിവർ അക്കാലത്തെ ഏറ്റവും മികച്ച നാവികത്തലവന്മാരായിരുന്നു. മലബാറിലെ കടത്തനാട്, അറക്കൽ എന്നീ ചെറിയ രാജവംശങ്ങള്‍ക്കുപോലും മികച്ച നാവികസേന അക്കാലത്തുണ്ടായിരുന്നു.
ഇന്ത്യന്‍ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാക്കമ്പനിയുടെ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലക്ഷ്യമാക്കി 1612-ൽ സൂററ്റിൽ രൂപീകരിക്കപ്പെട്ട "റോയൽ ഇന്ത്യന്‍ നേവി'യിൽ നിന്നാണ് ആധുനിക ഇന്ത്യന്‍ നാവികസേന രൂപംകൊണ്ടത്. ഈ നാവികസേനയെ 1685-ൽ സൂററ്റിൽ നിന്ന് ബോംബെയിലേക്കു മാറ്റുകയും "ബോംബെ മറൈന്‍' എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി. 1892-ൽ "റോയൽ ഇന്ത്യന്‍ മറൈന്‍' എന്ന പേരിലറിയപ്പെട്ട ഇത് 1934-ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ "ദി റോയൽ ഇന്ത്യന്‍ നേവി' ആയി രൂപാന്തരപ്പെട്ടു. 1939-ൽ 114 ആഫീസർമാർ, 1,732 നാവികർ, ഒരു നിരീക്ഷണക്കപ്പൽ, ഒരു പെട്രാളിങ് സ്റ്റീമർ എന്നീ രീതിയിലുള്ള നാമമാത്ര സംവിധാനമാണ് റോയൽ ഇന്ത്യന്‍നേവിക്കുണ്ടായിരുന്നത്. രണ്ടാംലോകയുദ്ധകാലത്ത് ഇന്ത്യാസമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം വർധിച്ചതോടെ ഇന്ത്യാതീരത്തെ നാവികസേനാകേന്ദ്രങ്ങള്‍ വിപുലീകരിക്കേണ്ടിവന്നു. നേരത്തെ നിലവിലുണ്ടായിരുന്ന, കൽക്കത്ത, ബോംബെ, കറാച്ചി എന്നിവിടങ്ങളിലെ നാവികസങ്കേതങ്ങളിൽ ആധുനിക സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയതോടൊപ്പം വിശാഖപട്ടണം, മദ്രാസ്, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ പുതിയ താവളങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു. റോയൽ ഇന്ത്യന്‍ നേവിയുടെ സംഖ്യാബലം 1942-ൽ ഇരുപതുമടങ്ങായി വർധിപ്പിച്ചു. രണ്ടാംലോകയുദ്ധകാലത്ത് ഇറ്റലിയുടെ സൈന്യത്തെ ആഫ്രിക്കന്‍വന്‍കരയിൽനിന്നു പിന്തിരിപ്പിക്കുന്നതിലും, പേർഷ്യന്‍ ഉള്‍ക്കടൽമേഖല വിജയകരമായി പ്രതിരോധിക്കുന്നതിലും ബർമ(മ്യാന്മർ)യിലെ ജാപ്പനീസ് അധിനിവേശം അവസാനിപ്പിക്കുന്നതിലും ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ക്കുവേണ്ടി നിസ്‌തുല സേവനം അനുഷ്‌ഠിക്കുവാന്‍ റോയൽ ഇന്ത്യന്‍ നേവിക്കു കഴിഞ്ഞു.
സ്വാതന്ത്ര്യപ്രാപ്‌തിയെത്തുടർന്ന് ഈ സേനയ്‌ക്ക് ഇന്ത്യന്‍ നേവി എന്ന പേര് നല്‌കപ്പെട്ടു. നാവികസേനയുടെ കപ്പലുകളുടെയും കരയിലുള്ള സങ്കേതങ്ങളുടെയും പേരിനുമുമ്പ് ഐ.എന്‍.എസ്. എന്ന ത്രയാക്ഷരി മുദ്രിതമായി. ഇന്ത്യന്‍ നാവികസേന കൈക്കൊണ്ട ആദ്യത്തെ സൈനികനടപടി 1947 ഒക്‌ടോബറിലാണ് നടന്നത്. കത്തിയവാഡ് ഉപദ്വീപിൽ നിലവിലിരുന്ന ജൂനാഗഡ് എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനിൽ ലയിക്കുവാന്‍ വിസമ്മതിക്കുകയും പാകിസ്‌താനോട് കൂറു പ്രഖ്യാപിക്കുകയും ചെയ്‌തതിനെത്തുടർന്ന്, നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ പോർബന്തർ, ജാഫറാബാദ് എന്നിവിടങ്ങളിൽ ആയുധസജ്ജരായി താവളമുറപ്പിച്ചു. ജൂനാഗഡ് നവാബിന്റെ പലായനത്തെത്തുടർന്ന് ആ ചെറുരാജ്യം ഇന്ത്യയുടെ ഭാഗമായി മാറിയതിനാൽ യുദ്ധം ഒഴിവായി.
1947-ൽ സമുദ്രതലത്തിൽമാത്രം പ്രവർത്തിക്കാവുന്ന പഴയ കപ്പലുകളും അകമ്പടിക്കപ്പലുകളും മാത്രമടങ്ങുന്ന ഒന്നായിരുന്നു ഇന്ത്യന്‍ നാവികസേന. 1948-ൽ ആദ്യമായി എച്ച്.എം.എസ്. അക്കിലീസ് എന്ന 7,000 ടണ്‍ കേവുഭാരമുള്ള ലിയാന്‍ഡർ വിഭാഗത്തിൽപ്പെട്ട ക്രൂസർ ഇന്ത്യ വാങ്ങി. അതിനെ ഐ.എന്‍.എസ്. ദില്ലി എന്നു പുനർനാമകരണം ചെയ്‌തു. തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ഡിസ്റ്റ്രായർ വിഭാഗത്തിൽപ്പെട്ട രജ്‌പുത്ത്, രഞ്‌ജിത്ത്, റാണാ എന്നീ മൂന്നു കപ്പലുകളും 11-ാം ഡിസ്റ്റ്രായർ സ്‌ക്വാഡ്രനിലേക്കു വാങ്ങുകയുണ്ടായി. ശത്രുക്കളെ കടലിൽ വേട്ടയാടി നശിപ്പിക്കുന്നതിനുപയോഗിക്കുന്ന "ഹണ്ട് ക്ലാസ് ഡിസ്റ്റ്രായേഴ്‌സ്' വിഭാഗത്തിൽപ്പെട്ട ഗംഗ, ഗോമതി, ഗോദാവരി എന്നീ കപ്പലുകള്‍ 1952-ൽ ഇന്ത്യന്‍ നേവിയിൽ ഉള്‍പ്പെടുത്തി.
1957-ൽ കോളണി ക്ലാസ് ക്രൂസർ വിഭാഗത്തിൽപ്പെട്ട ഐ.എന്‍.എസ്. മൈസൂർ കമ്മിഷന്‍ ചെയ്യപ്പെട്ടു. 1958-60 കാലഘട്ടത്തിൽ ആന്റി എയർ ക്രാഫ്‌ട്-ആന്റി സബ്‌മൈറന്‍ ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ട എട്ട് പടക്കപ്പലുകള്‍ നേവി സമ്പാദിച്ചു. ഇവയിൽ ഐ.എന്‍.എസ്. കുക്രി, കൃപാണ്‍, കുഠാർ എന്നീ കപ്പലുകള്‍ 14-ാം ഫ്രിഗേറ്റ് സ്‌ക്വാഡ്രനിലും, തൽവാർ, ത്രിശൂൽ എന്നീ കപ്പലുകള്‍ 15-ാം ഫ്രിഗേറ്റ് സ്‌ക്വാഡ്രനിലും, ബിയാസ്, ബേത്‌വ, ബ്രഹ്മപുത്ര എന്നീ കപ്പലുകള്‍ 16-ാം ഫ്രിഗേറ്റ് സ്‌ക്വാഡ്രനിലും ചേർന്നു. ഈ എട്ട് കപ്പലുകളും ഇന്ത്യന്‍ നേവിക്കുവേണ്ടി പ്രത്യേകമായി ഇംഗ്ലണ്ടിൽ നിർമിച്ചവയായിരുന്നു. വിമാനവാഹിനികപ്പലായി ഐ.എന്‍.എസ്. വിക്രാന്ത് 1961-ൽ നാവികസേനയ്‌ക്ക് ലഭ്യമായി. സമുദ്രത്തിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളുടെ എച്ചം വർധിച്ചതോടുകൂടി നേവിക്ക് മുങ്ങിക്കപ്പൽ വിഭാഗത്തിന്റെ അഭാവംകൂടി നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു.
1961-ൽ പോർച്ചുഗീസ് കോളനികളായി അവശേഷിച്ചിരുന്ന ഗോവ, ദാമന്‍ ദിയു എന്നിവിടങ്ങളെ കൈവശപ്പെടുത്തി ഇന്ത്യന്‍ റിപ്പബ്ലിക്കിൽ ലയിപ്പിച്ച സൈനികനടപടികളിൽ മറ്റു സേനാവിഭാഗങ്ങള്‍ക്കൊപ്പം നിസ്‌തുലമായ സേവനം കാഴ്‌ചവയ്‌ക്കുവാന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇന്ത്യയുടെ പടക്കപ്പലുകള്‍ നാലുവിഭാഗങ്ങളായി പിരിഞ്ഞു നടത്തിയ മുന്നേറ്റങ്ങളിലൂടെ ഗോവ, ദാമന്‍ ദിയു, അഞ്ചിദ്വീപ് എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്ന പോർച്ചുഗീസ് നാവികസേനയെ നിർവീര്യമാക്കി. 1965-ലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിൽ നാവികസേന നേരിട്ടു പങ്കെടുത്തില്ല; പാകിസ്‌താന്റെ അന്തർവാഹിനികളെ ഇന്ത്യാതീരത്തുനിന്ന് അകറ്റിനിർത്തുവാനുള്ള പ്രതിരോധച്ചുമതലമാത്രമാണ് ഉണ്ടായിരുന്നത്.
1968-ൽ സോവിയറ്റ് യൂണിയനിൽനിന്നും ഇന്ത്യന്‍നേവി ഒരു മുങ്ങിക്കപ്പൽ സമ്പാദിച്ചു; തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് മറ്റു മൂന്നു മുങ്ങിക്കപ്പലുകള്‍ കൂടി ലഭ്യമായി. അങ്ങനെ ഇന്ത്യന്‍ നേവിയുടെ മുങ്ങിക്കപ്പൽവിഭാഗം ഭാരതത്തിന്റെ കിഴക്കന്‍ സമുദ്രതീരത്തിലെ വിശാഖപട്ടണത്തുള്ള ഐ.എന്‍.എസ്. വീരബാഹു എന്ന താവളത്തിൽ വികസിക്കാന്‍ തുടങ്ങി. മുങ്ങിക്കപ്പലുകളുടെ വരവോടുകൂടി ഒരു സമീകൃതകപ്പൽപ്പട എന്ന ആശയം യാഥാർഥ്യമായിത്തീർന്നു. അങ്ങനെ നാവികസേനയ്‌ക്ക് കടൽപ്പരപ്പിലും കടലിനു മുകളിലും കടലിനടിയിലും യുദ്ധംനടത്താനുള്ള കഴിവ് ആർജിക്കാന്‍ കഴിഞ്ഞു.
1971-ൽ പൂർവപാകിസ്‌താന്‍ ബാംഗ്ലദേശ് ആയിമാറിയതിനോടനുബന്ധിച്ചുണ്ടായ ഇന്ത്യാ-പാക് സംഘട്ടനങ്ങളിൽ ഇന്ത്യന്‍ നാവികസേനയ്‌ക്ക് ഗണ്യമായ പങ്കുവഹിക്കേണ്ടിവന്നു. 1971 ഡി. 3-ന് വിശാഖപട്ടണത്തിനു സമീപം രഹസ്യമായി സഞ്ചരിച്ചെത്തിയ ഘാസി എന്ന പാക് അന്തർവാഹിനി ഇന്ത്യന്‍ നാവികസേനയാൽ നശിപ്പിക്കപ്പെട്ടു. തുടർന്ന് ദിവസങ്ങള്‍ക്കകം കിഴക്കന്‍ പാകിസ്‌താനെ നാവിക-ഉപരോധത്തിനു വിധേയമാക്കുകയും ചെയ്‌തു. ഡി. 6-ന് മുന്‍പ് പാക് നേവിയുടെ ജസ്സോർ, കോമില്ല, സിൽഹട്ട് എന്നീ യുദ്ധക്കപ്പലുകളെയും 17 ചരക്കുകപ്പലുകളെയും നശിപ്പിക്കുകയും മറ്റു മൂന്നു കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്യുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇവയ്‌ക്കു സമാന്തരമായി പശ്ചിമസമരമുഖത്ത്, ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖത്തെ രണ്ടുതവണ ആക്രമിക്കുകയും പാകിസ്‌താന്റെ ഒരു നശീകരണക്കപ്പൽ, മൈന്‍ സ്വീപ്പർ (Mine Sweeper) എന്നിവയ്‌ക്കും തുറമുഖത്തു നങ്കൂരമുറപ്പിച്ചിരുന്ന ഒരു ചരക്കുകപ്പലിനും കേടുപാടുകള്‍ വരുത്തുകയും ചെയ്‌തു. കറാച്ചിയുടെ മേൽനടത്തിയ വിജയകരമായ ആക്രമണത്തിന്റെ സ്‌മരണ നിലനിർത്തുവാന്‍ പ്രതിവർഷം നാവികസേനാദിനം (Navy Day) ആഘോഷിക്കുന്നത് ഡി. 4-നാണ്. ആദന്‍ കടലിൽ സൊമാലിയന്‍ കടൽക്കൊള്ളക്കാർക്കെതിരെ നടത്തിയ ആക്രമണങ്ങളാണ് ഇന്ത്യന്‍ നാവികസേനയുടെ സമീപകാലത്തെ പ്രധാന ഓപ്പറേഷനുകള്‍ (2008). കടൽക്കൊള്ളക്കാർ തടവിലാക്കിയ വിവിധ രാജ്യങ്ങളിലെ നാവികരെ രക്ഷിക്കാനും ആദന്‍ കടലിലെ കടൽയാത്രകള്‍ക്ക് സ്ഥിരഭീഷണിയായ കടൽക്കൊള്ളക്കാരെ പിടികൂടാനും ഇന്ത്യന്‍ സേനയ്‌ക്ക് കഴിഞ്ഞു. ഐ.എന്‍.എസ്. തബർ, ഐ.എന്‍.എസ്. മൈസൂർ തുടങ്ങിയ പടക്കപ്പലുകളാണ് ഈ ഓപ്പറേഷനുകളിൽ പ്രധാന പങ്കുവഹിച്ചത്.
No comments:
Post a Comment